പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞപ്പോള്‍ ഗര്‍ഭിണിയായ ഭാര്യയെ വയറ്റില്‍ ചവിട്ടി,ഗര്‍ഭസ്ഥ ശിശു മരിച്ചു
ഉത്തരാഖണ്ഡില്‍ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. എട്ട് മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചു.സംഭവത്തില്‍ ഭർത്താവ് ബബ്ലുവിനെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഡെറാഡൂണിന് സമീപമുള്ള വികാസ് നഗർ സ്വദേശിനിയായ സീമയാണ് ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്.
ഗുരുതരാവസ്ഥയിലായ സീമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ മരിച്ച കുഞ്ഞിനെ പുറത്തെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദമ്പതികള്‍ക്കിടയില്‍ തർക്കമുണ്ടായത്.
തുടർന്ന് ബബ്ലു സീമയുടെ വയറ്റില്‍ ചവിട്ടുകയും മരത്തടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഹരിയാനയിലെ പാനിപ്പത് സ്വദേശിയായ ബബ്ലുവും സീമയും ഏഴ് വർഷം മുൻപാണ് വിവാഹിതരായത്. ഇവർക്ക് രണ്ട് പെണ്മക്കളുണ്ട്.സീമയെ കാണാൻ എത്തിയ പിതാവ് ഷേർ സിങ്ങിനെ ബബ്ലു വീട്ടില്‍ കയറാൻ അനുവദിക്കാത്തതിനെ തുടർന്നാണ് വിവരം പുറത്തറിയുന്നത്. പിതാവ് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സീമയെ ആശുപത്രിയിലാക്കിയതും പൊലീസാണ്. ഭാരതീയ ന്യായ സംഹിത പ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഗർഭസ്ഥ ശിശു പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതിനെ തുടർന്നാണ് ഭർത്താവ് ക്രൂരത കാട്ടിയതെന്ന് സീമയുടെ കുടുംബം ആരോപിക്കുന്നു. എന്നാല്‍, കുടുംബത്തിന്റെ പേരില്‍ വാങ്ങിയ സ്ഥലം ഭർത്താവ് അറിയാതെ വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് ഭർത്താവ് പറയുന്നത്.
