Latestകേരളം

ഓണത്തിരക്കിൽ ആശ്വാസം; എറണാകുളം-ബംഗളൂരു വന്ദേഭാരതിന് 16 കോച്ചുകൾ, 598 അധിക സീറ്റുകൾ

തിരുവനന്തപുരം : ഓണത്തിരക്കിന് മുന്നോടിയായി കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസമായി എറണാകുളം–ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നു. നിലവിലെ എട്ട് കോച്ചുകൾക്ക് പകരം 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്ത മാസം ആദ്യ പകുതിയോടെ സർവീസ് ആരംഭിക്കുമെന്നാണ് വിവരം.

കോച്ചുകളുടെ എണ്ണം വർധിക്കുന്നതോടെ യാത്രക്കാരുടെ ശേഷി 530ൽ നിന്ന് 1,128 ആയി ഉയരും. ഇതോടെ 598 അധിക സീറ്റുകൾ ലഭ്യമാകും. ജോലിക്കും പഠനത്തിനുമായി ബംഗളൂരുവിൽ കഴിയുന്ന പതിനായിരക്കണക്കിന് മലയാളികൾക്ക് ഈ മാറ്റം ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.

ബംഗളൂരു–എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തും. മടക്ക സർവീസ് ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11ന് ബംഗളൂരുവിലെത്തും. എല്ലാ ബുധനാഴ്ചയും ട്രെയിന് സർവീസ് ഉണ്ടായിരിക്കില്ല.