Latestകേരളം

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ശിക്ഷാവിധി ഇന്നുണ്ടാകില്ല

പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കേസില്‍ ഇന്ന് വിധി പറയുമെന്നായിരുന്നു അറിയിച്ചിരുന്നത്. ജഡ്ജിയുടെ ആരോഗ്യ പ്രശ്‌നമാണ് വിധി പ്രസ്താവം നീട്ടിവെക്കാന്‍ കാരണം. ജൂലൈ 13നാകും കേസില്‍ വിധി പറയുക. വിധി പ്രസ്താവം നീട്ടിയതോടെ കൊല്ലപ്പെട്ട സുധാകരന്റെ മക്കളും കോടതിയിലെത്തില്ല.

2025 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസി ചെന്താമര കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയായിരുന്നു ഇരട്ടക്കൊലപാതകം. കുടുംബം തകരാന്‍ കാരണം സുധാകരനാണെന്ന സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കൊലപാതകിക്ക് വധ ശിക്ഷ നല്‍കണമെന്ന് സുധാകരന്റെ മക്കള്‍ പ്രതികരിച്ചു.

സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചായിരുന്നു നെന്മാറയിലെ പോത്തുണ്ടിയിലേക്കെത്തിയത്. പൊലീസിനെ നാട്ടുകാര്‍ വിവരം അറിയിച്ചിരുന്നെങ്കിലും ഇയാളെ അവിടെ നിന്ന് പിടികൂടാന്‍ തയ്യാറായിരുന്നില്ല. പിന്നാലെയാണ് 2025 ജനുവരി 27ന് ഇയാള്‍ കയ്യിലുണ്ടായിരുന്ന വാള്‍ ഉപയോഗിച്ച് സുധാകരനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ഇത് കണ്ടാണ് സുധാകരന്റെ അമ്മ ലക്ഷ്മി അവിടേക്ക് ഓടിയെത്തുന്നത്. തുടര്‍ന്ന് വയോധികയെയും ഇയാള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചെന്താമരയുടെ കുടുംബം പിരിഞ്ഞു പോകാല്‍ കാരണം സുധാകരനും കുടുംബവുമാണെന്ന സംശയമാണ് ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.