Latestകേരളം

പിഎസ്സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും; സര്‍ക്കാരിന് നിയമോപദേശം

പിഎസ്സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിനാണ് അന്വേഷണം വിജിലന്‍സിന് കൈമാറാനുള്ള നീക്കം. അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. വിശദാംശങ്ങള്‍ തേടുന്നതിനായി ആഭ്യന്തരമന്ത്രി ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കും.

കേസ് അഴിമതി നിരോധന പരിധിയില്‍ വരുമെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. പിഎസ്സി സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണെന്നും അത്കൊണ്ട് വിജിലന്‍സ് അന്വേഷണത്തിന് തടസമില്ലെന്നും നിയമോപദേശമുണ്ട്. എന്നാല്‍ ഭരണഘടനാ സ്ഥാപനമായതിനാല്‍ പിഎസ്സി ചെയര്‍മാനോ അംഗങ്ങള്‍ക്കോ എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനാകില്ല.

അതേസമയം വരുന്ന ആക്ഷേപങ്ങളില്‍ വിജിലന്‍സ് അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് നിയമോപദേശം. അന്വേഷണം വിജിലന്‍സ് ഏറ്റെടുത്താല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക.