മികച്ച ഡ്രൈവർക്കും കണ്ടക്ടർക്കും അവാർഡ് നൽകാൻ കെ എസ് ആർ ടി സി
കൊല്ലം:എല്ലാ മാസവും സംസ്ഥാനത്തെ മികച്ച കണ്ടക്ടർക്കും ഡ്രൈവർക്കും അവാർഡ് നൽകാൻ കെ.എസ്.ആർ.ടി.സി.. ഓരോ ഡിപ്പോയിലെയും മികച്ച ഡ്രൈവറെയും കണ്ടക്ടറെയും കണ്ടെത്തി അവരിൽ നിന്നാണ് സംസ്ഥാനതല പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. യൂണിറ്റ് ഓഫീസർ ചെയർമാനും സുപ്രണ്ട് കൺവീനറുമായ അഞ്ചംഗ സമിതിയാണ് താഴേത്തട്ടിൽ മികവു പരിശോധന നടത്തുക. കോർപ്പറേഷൻ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ വിലയിരുത്തി മാർക്കിട്ടാണ് തിരഞ്ഞെടുപ്പ്.
ആകെ 100 മാർക്കുള്ളതിൽ, വരുമാനമുണ്ടാക്കുന്നതിനാണ് കണ്ടക്ടർമാർ മുൻഗണന നൽകേണ്ടത്. ഓരോ ഷെഡ്യൂളിനും നിശ്ചയിച്ചിട്ടുള്ള ടാർഗറ്റിന്റെ 100 ശതമാനവും നേടുന്നവർക്ക് 60 മാർക്ക് ലഭിക്കും. പ്രതിദിന ഹാജർ, കൃത്യമായി ഡ്യൂട്ടിയ്ക്ക് ഹാജരാകൽ എന്നിവയ്ക്ക് 15 മാർക്ക് വീതം ലഭിക്കും. യാത്രക്കാരോടുള്ള സമീപനത്തിന് 10 മാർക്കുണ്ട്. ഡ്രൈവർമാരുടെ കാര്യത്തിൽ ഇന്ധനക്ഷമതയ്ക്കാണ് 60 മാർക്ക്. ഓരോ ഷെഡ്യൂളിനും കെ.എം.പി.എൽ. (കിലോമീറ്റർ/ലിറ്റർ) ടാർഗറ്റ് നിശ്ചയിച്ച്, അത് നേടുന്നതിനനുസരിച്ച് മാർക്ക് നൽകും. സുരക്ഷിതമായ ഡ്രൈവിങ്ങിന് 20 മാർക്കും, ഹാജരിനും സമയകൃത്യതയ്ക്കും 15 മാർക്കും, അച്ചടക്കത്തിന് അഞ്ച് മാർക്കും നിശ്ചയിച്ചിട്ടുണ്ട്.
ഓരോ ഡിപ്പോയിൽ നിന്നും മികച്ച 10 ഡ്രൈവർമാരെയും കണ്ടക്ടർമാരെയും കണ്ടെത്തി ചടങ്ങുകളിൽ ആദരിക്കണം. മൂന്നുപേരുടെ വീതം പട്ടിക എച്ച്.ആർ. വിഭാഗത്തിന് അയയ്ക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഈ പട്ടികയിൽ നിന്നാണ് സംസ്ഥാനത്തെ മികച്ച ഡ്രൈവർ, കണ്ടക്ടർ അവാർഡ് കണ്ടെത്തുന്നത്. നേരത്തേ മികച്ച ഇന്ധനക്ഷമത നേടുന്ന ഡ്രൈവർമാരെ കണ്ടെത്തി ആദരിക്കാൻ തീരുമാനിച്ചിരുന്നു.
ഇത് ഫലപ്രദമല്ലെന്നുകണ്ടാണ് സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ സംവിധാനം കൊണ്ടുവരുന്നത്.
ജൂലൈ മാസത്തെ പട്ടിക അടുത്ത ദിവസങ്ങളിൽ നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ചക്കരക്കൽ വാർത്ത. അടുത്ത മാസങ്ങളിൽ അഞ്ചിന് മുൻപ് പട്ടിക നൽകണം. ഡ്രൈവർമാരുടെ അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങൾ, കെ.എസ്.ആർ.ടി.സി. വിജിലൻസ് വിഭാഗം സ്വീകരിച്ച പരാതികൾ തുടങ്ങിയ അയോഗ്യതകളുടെ പട്ടികയുമുണ്ട്. മികവ് തെളിയിച്ചാലും അയോഗ്യതാ പട്ടികയിലുള്ള കുറ്റങ്ങൾ ചെയ്യുന്നവരെ അവാർഡിന് പരിഗണിക്കില്ല.
