‘ഇന്‍സ്റ്റഗ്രാമിൽ നിന്ന് പെൺകുട്ടികളുടെ ചിത്രമെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നു’; മലപ്പുറത്തും പരാതി
മലപ്പുറം: മലപ്പുറത്തും കോളേജ് വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ വ്യാപകമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് പരാതി. 12 കോളേജുകളില്‍ നിന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഓണാഘോഷ ദിവസങ്ങളില്‍ കോളേജുകളില്‍ നടന്ന പെണ്‍കുട്ടികളുടെ ആഘോഷ ദൃശ്യങ്ങളാണ് പലയിടങ്ങളിലും ദുരുപയോഗം ചെയ്യപ്പെടുന്നത്.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്ന് ഫോട്ടോയെടുത്ത് മോര്‍ഫ് ചെയ്ത് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിക്കുന്നുവെന്നും പരാതിയുണ്ട്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആരെയും പിടികൂടിയിട്ടില്ല. അരീക്കോട് പൊന്നാനി മേഖലകളില്‍ നിന്ന് പൊലീസ് സ്റ്റേഷനുകളില്‍ ഇതിനോടകം പരാതി ലഭിച്ചിട്ടുണ്ട്.
പണമടച്ചാല്‍ ചിത്രങ്ങള്‍ ലഭിക്കുന്ന ടെലഗ്രാം അക്കൗണ്ടുകളില്‍ മെമ്പര്‍ ആവുന്ന രീതികളും ഉണ്ടെന്നാണ് പ്രാഥമിക വിവരം. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് എംഎസ്എഫ് പരാതി നല്‍കിയിരുന്നു.
