ചപ്പാരപ്പടവിൽ ബേക്കറി കത്തിനശിച്ചു; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം
തളിപ്പറമ്പ്: ചപ്പാരപ്പടവ് ടൗണിലെ മസാഫി ബേക്കറി തീപിടിത്തത്തിൽ പൂർണമായും കത്തിനശിച്ചു. ചപ്പാരപ്പടവ് ഞണ്ടമ്പലത്തെ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയിലാണ് ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായത്. സംഭവത്തിൽ ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്.
പുലർച്ചെ അഞ്ചുമണിയോടെ പള്ളിയിലേക്ക് നമസ്കാരത്തിന് പോകുകയായിരുന്നവരാണ് ബേക്കറിയിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. തുടർന്ന് തളിപ്പറമ്പ് ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു.
സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. എന്നാൽ അപ്പോഴേക്കും ബേക്കറി പൂർണമായും കത്തിനശിച്ചിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചപ്പാരപ്പടവിലെ പി.സി. അലിയമ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ബേക്കറി പ്രവർത്തിച്ചിരുന്നത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി.പി. ഷാജിമോൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.വി. ഗിരീഷ്, പി.വി. ലിഗേഷ്, കെ. ധനേഷ്, വിഷ്ണു രവീന്ദ്രൻ, ഹോം ഗാർഡ് കെ. പുരുഷോത്തമൻ എന്നിവരും അഗ്നിരക്ഷാസേനാ സംഘത്തിലുണ്ടായിരുന്നു.
