Latestകേരളം

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: മുൻ വിസിയെയും സിൻഡിക്കേറ്റ് അംഗങ്ങളെയും പ്രോസിക്യൂട്ട് ചെയ്യും

തിരുവനന്തപുരം: കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പിൽ പ്രതികൾക്കെതിരെ കുറ്റപത്രം തയ്യാറായി. പ്രോസിക്യൂഷൻ അനുമതി തേടാൻ ക്രൈംബ്രാഞ്ച്. മുൻ വൈസ് ചാൻസലർ രാമചന്ദ്രൻ നായർ, പിവിസി, രജിസ്ട്രാർ എന്നിവർക്കൊപ്പം മൂന്ന് സിൻഡിക്കേറ്റ് അംഗങ്ങളുമാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. മുൻ വിസി രാമചന്ദ്രൻ നായർ, പിവിസി ജയപ്രകാശ്, രജിസ്ട്രാർ കെ.എ. ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, എം.പി. റസ്സൽ, കെ.എ. ആൻഡ്രൂ എന്നിവരാണ് പ്രതികൾ.

ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനുള്ള ഫയൽ എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിനു കൈമാറി. അദേഹം അംഗീകരിക്കുന്നതോടെ കേസ് വിജിലൻസ് കോടതിയിലെത്തും. പരീക്ഷയുടെ ഒ.എം.ആർ. ഉത്തരക്കടലാസുകൾ നശിപ്പിച്ചശേഷം അഭിമുഖം നടത്തി സിപിഐഎം അനുഭാവികളെയും ഉന്നതോദ്യോഗസ്ഥരുടെ ബന്ധുക്കളെയും റാങ്ക് പട്ടികയിൽ മുന്നിലെത്തിച്ച് നിയമനം നൽകിയെന്നാണ് കേസ്.

ആദ്യഘട്ടത്തിൽ ക്രൈംബ്രാഞ്ച് മേധാവിയായി അനന്തകൃഷ്ണൻ ഉണ്ടായിരുന്ന സമയത്ത് കോടതിയിൽ കുറ്റപത്രം എത്തിയിരുന്നെങ്കിലും പിന്നീട് പ്രതികളെ ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 1401 പേരുടെ റാങ്ക് പട്ടികയിൽനിന്ന് 181 പേർക്ക് നിയമനംനൽകി. കേസായതോടെ ചിലർ ജോലിവിട്ടു. ചിലർ വിരമിച്ചു. നിലവിൽ 130 പേരാണ് സർവീസിലുള്ളത്.