Latestദേശീയം

റോഡിലൂടെ നടന്നുപോയ യുവതി വെടിയേറ്റു മരിച്ചു

ഒട്ടാവ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി. ആക്രമണം വ്യക്തിപരമായി ലക്ഷ്യമിട്ട നടപ്പിലാക്കിയതാണെന്ന് കാനഡ പൊലീസ് സ്ഥിരീകരിച്ചു. നവ്‌നീത് കൗർ എന്ന യുവതിയാണ് ഹംബർവുഡ് ബൊളിവാർഡിനും റെക്സ്‌ഡേൽ ബൊളിവാർഡിനും സമീപമുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് കാനഡയിലെ ബ്രാംപ്റ്റൺ സ്വദേശിയായ ശരൺജിത് സിംഗ് (37) എന്നയാളെ ടൊറന്റോ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റവും മുൻ ഉത്തരവുകൾ ലംഘിച്ചതിനുമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 7.23ഓടെയാണ് സംഭവം. റോഡിൽ നടന്നുപോവുകയായിരുന്ന നവ്‌നീത് കൗറിനെ പിന്തുടർന്നെത്തിയ അക്രമി വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും സംഭവസ്ഥലത്തു വച്ചുതന്നെ യുവതി മരണത്തിന് കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. വീടിനുള്ളിലല്ല, പരസ്യമായ വഴിയരികിലാണ് ആക്രമണം നടന്നതെന്ന് ഡ്യൂട്ടി ഇൻസ്‌പെക്ടർ സ്കോട്ട് ബ്രാഡ്‌ബറി വ്യക്തമാക്കി.

രാവിലെ റോഡിലൂടെ നടന്നുപോവുകയായിരുന്ന നവ്‌നീതിനോട് പ്രതി എന്തോ സംസാരിക്കുകയും യുവതി തിരിഞ്ഞുനോക്കിയ ഉടൻ നേരെ വെടിയുതിർക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷി വെളിപ്പെടുത്തി. ഇരുവരും തമ്മിൽ വഴക്കോ തർക്കമോ ഒന്നും ഉണ്ടായിരുന്നില്ലെന്നും വെടിവെച്ച ശേഷം പ്രതി കയ്യിൽ തോക്കുമായി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ദൃക്സാക്ഷി കൂട്ടിച്ചേർത്തു.