കാസര്‍കോട് എച്ച്1എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു
കാസർഗോഡ് : എച്ച്1എൻ1 പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു.അജാനൂർ സ്വദേശി യശോദയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി മംഗളൂരുവിലെ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു യശോദയുടെ ചികിത്സ.
ആദ്യം പനിയും കടുത്ത ചുമയും ബാധിച്ച് യശോദ കാസർകോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ എച്ച്1എൻ1 ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ കൂടുതല്‍ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ചികിത്സയ്ക്ക് മറുപടി ലഭിക്കാതെ ഇവർ മരണത്തിന് കീഴടങ്ങി.
യശോദയുമായി അടുത്തിടെ സമ്പർക്കത്തില്‍ ഏർപ്പെട്ട 7 പേർക്ക് സമാനമായ പനി, ചുമ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വരുന്നതുവരെ ഇവരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
സാഹചര്യം കണക്കിലെടുത്ത് അജാനൂർ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ജാഗ്രത പാലിക്കാൻ ജില്ലാ ആരോഗ്യവകുപ്പ് നിർദേശം നല്കി. പനി ലക്ഷണങ്ങള്‍ ഉള്ളവർ ഉടൻ തന്നെ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
