ഏഴുവർഷത്തെ പ്രണയം, വിവാഹം ഒരുമാസം മുൻപ്; വാഹനാപകടത്തിൽ സൈനിക ഉദ്യോഗസ്ഥൻ മരിച്ചു
ജയ്സാൽമേർ: വാഹനാപകടത്തിൽ സൈനിക ഉദ്യോഗസ്ഥൻ മരിച്ചു. ജയ്സാൽമേർ സൈനിക താവളത്തിലെ മേജർ ഹംസ ആരിഫാണ് മരിച്ചത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയാണ്. വ്യാഴാഴ്ച രാത്രി ഹംസ ആരിഫും സഹപ്രവർത്തകരും സഞ്ചരിച്ച കാർ ഒട്ടകത്തെ ഇടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന ലെഫ്. ആയുഷ്മാൻ ഗുസൈൻ, ലെഫ്. അഭിനവ് റാത്തോഡ് എന്നിവർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്
വെള്ളിയാഴ്ച പുലർച്ചെ ജയ്സാൽമേറിൽനിന്ന് എട്ടുകിലോമീറ്റർ അകലെയായിരുന്നു അപകടം. മേജർ ഹംസ ആരിഫ് തന്നെയാണ് സ്വന്തം വാഹനമോടിച്ചിരുന്നത്. യാത്രയ്ക്കിടെ റോഡരികിലുണ്ടായിരുന്ന ഒട്ടകത്തെ ഇടിച്ചതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നാണ് റിപ്പോർട്ട്. പിന്നാലെ വാഹനം പലതവണ കരണംമറിയുകയായിരുന്നു. പരിക്കേറ്റ മൂവരെയും പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹംസ ആരിഫ് ആശുപത്രിയിലെത്തും മുൻപേ മരിച്ചിരുന്നു.
മധ്യപ്രദേശിലെ ഇൻഡോർ ധനന്ത്വരിനഗർ സ്വദേശിയാണ് മേജർ ഹംസ ആരിഫ്. 2016-ൽ ചമേലി ദേവി കോളേജിൽനിന്ന് ഇലക്ട്രിക് എൻജിനീയറിങ്ങിൽ ബിരുദം പൂർത്തിയാക്കിയ ഹംസ ആരിഫ്, 2017-ലാണ് സൈന്യത്തിൽ ജോലിയിൽപ്രവേശിച്ചത്. ഒരുമാസം മുൻപായിരുന്നു വിവാഹം.
