Latestകേരളം

പിണറായി വിജയന്റെ വീടിന് മുന്നിലെ ‘ജീപ്പ് സ്റ്റേഷൻ’ മാറ്റി; കാവൽ തുടരും

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് ജീപ്പ് മാറ്റി. കണ്ണൂര്‍ പിണറായിയിലെ പാണ്ഡ്യാലമുക്കിലെ ‘പ്രവിക്’ വീടിന് മുന്നിലെ ജീപ്പാണ് മാറ്റിയത്. കാവല്‍ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ ഷെല്‍ട്ടറായി ആണ് ഈ ജീപ്പ് ഉപയോഗിച്ച് വന്നിരുന്നത്. പൊലീസ് ഉദ്യോഗസ്ഥർ ഷെൽറ്ററായി ഉപയോഗിച്ചിരുന്ന ജീപ്പിൽ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്നത് നേരെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ പുതിയ ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നതിനാണ് പഴയ ജീപ്പ് മാറ്റിയത്. പുതിയ ഷെല്‍ട്ടര്‍ വീടിന് സമീപം നിര്‍മ്മിക്കുമെന്നാണ് വിവരം.

കണ്ണൂർ എആർ ക്യാംപിലെ 2 എസ്ഐ, 6 സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഡ്യൂട്ടി ചെയ്തിരുന്നത്. പ്രാഥമികകൃത്യങ്ങൾക്കായി പൊലീസുകാർ സമീപത്തെ വീടുകളെയാണ് ആശ്രയിച്ചിരുന്നത്. മുഖ്യമന്ത്രി പദം ഒഴിഞ്ഞിട്ടും വീടിനു മുന്നിൽ സുരക്ഷ വിന്യാസം തുടരുന്നതും, കട്ടപ്പുറത്തായ ജീപ്പും വലിയ ചർച്ച വിഷയമായിരുന്നു. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് വിശ്രമിക്കാനായി പുതിയ ഷെഡ് നിർമ്മിക്കുമെന്ന് കമ്മീഷണർ അറിയിച്ചു.