രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്ടറെ സ്ഥലം മാറ്റി
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ സ്ഥലം മാറ്റി. ഡോ. രേഖ കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് സ്ഥലം മാറ്റിയത്. ഡോക്ടറോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. കാഷ്വാലിറ്റി ഇല്ലാത്ത ആശുപത്രിയിലേക്ക് മാറ്റണം എന്നായിരുന്നു ശുപാര്‍ശ.
കൊട്ടാരക്കര താലൂക്ക് ആശുപത്രില്‍ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്നു ഡോ. രേഖാ കൃഷ്ണ. കഴിഞ്ഞ ദിവസമാണ് അത്യാഹിത വിഭാഗത്തില്‍ പനിയും ശരീരവേദനയുമായി ചികിത്സ തേടിയെത്തിയ രോഗിയോട് ഡോക്ടര്‍ മോശമായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാത്രിയില്‍ ചികിത്സ തേടിയെത്തിയതിനെ ചോദ്യം ചെയ്ത ഡോക്ടര്‍ രോഗിയെ അവഹേളിക്കുംവിധം സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു
