സംസ്ഥാനത്ത് മൂന്ന് ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്, 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും ഉയർന്ന സാഹചര്യത്തിൽ ഇന്നലെയും ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു.
സൂപ്പർ എൽനിനോ പ്രതിഭാസമായതോടെ മഴ മേഘങ്ങൾ കുറഞ്ഞ അന്തരീക്ഷമാണ് കേരളത്തിന് വലിയ ഭീഷണിയായിരിക്കുന്നത്. ഇതിനൊപ്പം സൂര്യരശ്മികൾ ലംബമായി കേരളത്തിൽ പതിക്കുന്ന സമയവും ചൂട് വർധിപ്പിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലെ കനത്ത ചൂടിന് ശേഷം സംസ്ഥാനത്ത് ഇന്ന് താപനിലയിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോഴിക്കോട് 31.6 ഡിഗ്രി സെൽഷ്യസും, കൊച്ചിയില്‍ 31 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരത്ത് 32 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂടിയ താപനില 35.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ പുനലൂരും ഇന്ന് രണ്ട് ഡിഗ്രി കുറഞ്ഞു.
