അവിഹിതബന്ധം ഭാര്യയെ അറിയിച്ചതിന്റെ വൈരാഗ്യം; സുഹൃത്തിനെ കെട്ടിടത്തില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി
മലപ്പുറം: അവിഹിതബന്ധത്തെക്കുറിച്ച് ഭാര്യയെ അറിയിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശി സുനില്‍ കിറോ (38) അറസ്റ്റിലായി. മലപ്പുറം എടവണ്ണപ്പാറയ്ക്കു സമീപം എടശ്ശേരിക്കടവിലാണ് സംഭവം.
ഝാര്‍ഖണ്ഡ് സ്വദേശി പ്രകാശ് (47) ആണ് കൊല്ലപ്പെട്ടത്. നാലുനില കെട്ടിടത്തില്‍ താമസിച്ചിരുന്ന പ്രകാശിനെ ഞായറാഴ്ച കെട്ടിടത്തിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംശയാസ്പദമായ മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.
ദിവസക്കൂലി തൊഴിലാളികളായ പ്രകാശും സുനിലും ഒരേ കെട്ടിടത്തിലായിരുന്നു താമസം. സുനിലിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന വിവരം പ്രകാശ് ഇയാളുടെ ഭാര്യയെ അറിയിച്ചതാണ് ഇരുവര്‍ക്കുമിടയിലെ തര്‍ക്കത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
