കുഴഞ്ഞുവീണ വിദ്യാർഥിനിയോട് മനുഷ്യത്വരഹിതമായി പെരുമാറിയ ക്ലാസ് ടീച്ചറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
കണ്ണൂർ.കുന്നോത്ത് സെന്റ് ജോസഫ്സ് യു.പി സ്കൂളില്‍ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ വിദ്യാർഥിനിയോട് മനുഷ്യത്വരഹിതമായി പെരുമാറിയ ക്ലാസ് ടീച്ചറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.സിസ്റ്റർ ലിൻഡോ ജോസിനെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.
സോഡിയം കുറഞ്ഞതിനെ തുടർന്ന് മുൻപും സമാനമായ രീതിയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുള്ള ആറാം ക്ലാസുകാരിയായ കുട്ടി ക്കാണ് സ്കൂളില്‍ നിന്ന് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപികയെ പുറത്താക്കിയതെന്ന് പ്രധാന അധ്യാപകൻ ബിജു കെ.ജെ മാധ്യമങ്ങളോട് വ്യക്തമാക്കി.
ക്ലാസില്‍ കുഴഞ്ഞുവീണ കുട്ടിയോട് ‘നീ ഇതുവരെ ചത്തില്ലേ?’ എന്ന് അധ്യാപിക ചോദിച്ചതായാണ് പ്രധാന പരാതി. കൂടാതെ, കുട്ടിയെ അധ്യാപിക ചവിട്ടിയെന്നും രക്ഷിതാക്കള്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സ്‌കൂളിലെ പുതിയ അധ്യാപികയായ സിസ്റ്റർ ലിന്റോ ജോസിനെതിരെയാണ് ഈ ക്രൂരത ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.
നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ഈ വിദ്യാർഥിനിയുടെ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് സ്‌കൂള്‍ അധികൃതർക്ക് നേരത്തെ തന്നെ വ്യക്തമായ അറിവുണ്ടായിരുന്നു. അതിനാല്‍ തന്നെ മുൻകാലങ്ങളില്‍ മറ്റ് അധ്യാപകരില്‍ നിന്നും സ്കൂള്‍ അധികൃതരില്‍ നിന്നും കുട്ടിക്ക് പ്രത്യേക കരുതലും പരിഗണനയും ലഭിച്ചിരുന്നു. എന്നാല്‍, സംഭവത്തിന് രണ്ട് ദിവസം മുമ്പ് മാത്രം സ്‌കൂളില്‍ പുതിയതായി ചുമതലയേറ്റ അധ്യാപികയാണ് വിദ്യാർഥിനിയോട് ഇത്തരത്തില്‍ മോശമായി പെരുമാറിയത്.
