Latestദേശീയം

ബന്ധുവിനും സുഹൃത്തിനുമൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു

ബെംഗളൂരു: ക‍ർണാടകയിൽ ഹാസന് സമീപം സഖ്‍ലേഷ്പുരയിൽ ബന്ധുവിനും സുഹൃത്തിനുമൊപ്പമെത്തി ലോഡ്ജിൽ മുറിയെടുത്ത യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ബെംഗളൂരു നാഗസാന്ദ്ര സ്വദേശി വർഷയാണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന രഘു, ദർശൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്തു.

ബന്ധുവിനും സുഹൃത്തിനുമൊപ്പമെത്തി വെള്ളിയാഴ്ചയാണ് വർഷ വാലഹള്ളി കുഡിഗെ എന്ന സ്ഥലത്തെ ശ്രീദേവി ലോഡ്ജിൽ മുറിയെടുത്തത്. അടുത്ത ദിവസങ്ങളിൽ മൂന്ന് പേരും ഭൈരവേശ്വര, മജകഹള്ളി വെള്ളച്ചാട്ടം എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു. ഇന്നലെയും ചില സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മുറിയിലെത്തി കുളിക്കാനായി പോയതായിരുന്നു വർഷ. ഈ സമയം വാഷ്റൂമിൽ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്ന രഘുവും ദർശനും പൊലീസിനെ അറിയിച്ചത്.

ഇവരിരുവരും ചേർന്നാണ് വർഷയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. കൂടുതൽ സൗകര്യമുള്ള സഖ്‍ലേഷ്‍പുരയിലെ ആശുപത്രിയിലേക്ക് പിന്നാലെ മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‍മോർട്ടത്തിനായി ഹാസനിലെ ഹിംസ് ആശുപത്രിയിലേക്ക് മാറ്റി.