ജീവിതത്തില്‍ മദ്യപിച്ചിട്ടില്ല, വീട്ടിലെ മദ്യശേഖരത്തെ കുറിച്ച് അറിയില്ല’: ആന്റോ അഗസ്റ്റിന്‍
കൊച്ചി: താന്‍ മദ്യപിക്കുന്ന ആളല്ലെന്നും വീട്ടില്‍ നിന്ന് വലിയ അളവില്‍ മദ്യം കണ്ടെത്തിയതിനെ കുറിച്ച് അറിയില്ലെന്നും റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍. കേസ് എന്താണെന്ന് അറിയില്ലെന്നും താന്‍ കൊച്ചിയിലല്ലേ ഉള്ളതെന്നും ആന്റോ പറഞ്ഞു. അനധികൃത മദ്യശേഖരം കണ്ടെത്തിയ കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ആന്റോ.
മെസ്സിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊലീസിന് കൈമാറി. അതിനുശേഷം എക്‌സൈസുമായി ബന്ധപ്പെട്ട ഏതോ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. നോക്കാം. രണ്ട് മണി മുതല്‍ എന്നെ തടഞ്ഞുവച്ചിരിക്കുകയാണ്. ഞാന്‍ മദ്യപിക്കുന്ന ആളല്ല, ജീവിതത്തില്‍ മദ്യപിച്ചിട്ടില്ല. എക്‌സൈസിന്റെ കേസിനെ കുറിച്ച് അറിയില്ല. വീട്ടില്‍ മദ്യം സൂക്ഷിച്ചതായി അറിയില്ല. ഞാന്‍ ഇവിടെയല്ലേ ഉള്ളത്’ -ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
