Latestകേരളം

സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ളത് കോടികള്‍, സംസ്ഥാനത്ത് എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

തിരുവനന്തപുരം.സംസ്ഥാനത്തെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി സ്ഥാപിച്ച നിർമ്മിത ബുദ്ധി (എ.ഐ) ക്യാമറകളുടെ പ്രവർത്തനം കെല്‍ട്രോണ്‍ താല്‍ക്കാലികമായി നിർത്തിവെച്ചു.സർക്കാരില്‍ നിന്നും ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വൈകിയതാണ് പദ്ധതിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

പദ്ധതിയുടെ നടത്തിപ്പിനായി ഏകദേശം 60 കോടിയോളം രൂപയാണ് സർക്കാർ കെല്‍ട്രോണിന് നല്‍കാനുള്ളത്. മാസങ്ങളായി ഇതിന്റെ ഗഡുക്കള്‍ മുടങ്ങിയതോടെയാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്.

ധനസഹായം ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ, വിവിധ കണ്‍ട്രോള്‍ റൂമുകളിലേക്കുള്ള ഇന്റർനെറ്റ് സേവനദാതാക്കള്‍ കണക്ഷനുകള്‍ വിച്ഛേദിച്ചു. ഇതിനുപുറമേ, ജീവനക്കാർക്ക് ശമ്പളം നല്‍കാൻ കഴിയാതെ വന്നതോടെ പദ്ധതിക്കായി നിയമിച്ചിരുന്ന നിരവധി കരാർ ജീവനക്കാരെയും കെല്‍ട്രോണ്‍ പിരിച്ചുവിട്ടു.