ചാറ്റ് ജിപിടി ഉപയോഗിച്ച് കോപ്പിയടി; പിടിക്കപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കി വിദ്യാർത്ഥി
മുംബൈ: പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണില്‍ ചാറ്റ് ജിപിടി ഉപയോഗിച്ച് ഉത്തരമെഴുതിയത് പിടിക്കപ്പെട്ടതിന് പിന്നാലെ ഐഐടി ബോംബെയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ജീവനൊടുക്കി. 19 കാരന് സഹിലാണ് വെള്ളിയാഴ്ച വൈകുന്നേരം ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. രണ്ടാം വര്‍ഷ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എനര്‍ജി സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് സഹില്‍. ചോദ്യപ്പേപ്പര്‍ ചാറ്റ്ജിപിടിയില് അപ്ലോഡ് ചെയ്ത് ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിടയിലാണ് വിദ്യാര്‍ത്ഥി പിടിക്കപ്പെട്ടത്
സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് എതിരെ നടപടി എടുത്തിരുന്നില്ല എന്നാണ് ഐഐടിയുടെ വിശദീകരണം. വിഷയത്തില്‍ അധ്യാപകനും വകുപ്പ് മേധാവിയും വിദ്യാര്‍ത്ഥിയുമായി സംസാരിക്കുകയും ഈ സംഭവം അദ്ദേഹത്തിന്റെ പഠനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നുവെന്ന് അധികൃതർ പറയുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിയുടെ മരണം. ഇതിനെ തുടര്‍ന്ന് സെമസ്റ്റര്‍ പരീക്ഷ മാറ്റിവെച്ചു.
