ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ കടുത്ത നടപടി; പുതിയ നിയമഭേദഗതി ഒക്ടോബർ 1 മുതൽ
ന്യൂഡൽഹി: ജനനവും മരണവും സമയബന്ധിതമായി രജിസ്റ്റർ ചെയ്യാത്തവർക്ക് പിഴയും വിവിധ അധികാരികളുടെ അനുമതിയും നിർബന്ധമാക്കുന്ന നിയമഭേദഗതി ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ. ഒരു മാസം മുതൽ രണ്ട് വർഷം വരെ രജിസ്ട്രേഷൻ വൈകുന്ന സാഹചര്യത്തിലാണ് നടപടികൾ കടുപ്പിക്കുന്നത്. പാർലമെന്റ് പാസാക്കിയ ബില്ലിൽ കഴിഞ്ഞ മാസമാണ് രാഷ്ട്രപതി ഒപ്പുവച്ചത്.
ജനനവും മരണവും കൃത്യസമയത്ത് രജിസ്റ്റർ ചെയ്യേണ്ടത് പൗരന്റെ കടമയാണെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഓർമിപ്പിക്കുന്നു. അതിനാൽ രജിസ്ട്രേഷനിൽ വീഴ്ച വരുത്തരുതെന്നും വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ജനനം, മരണം എന്നിവ 21 ദിവസത്തിനകം രജിസ്റ്റർ ചെയ്താൽ ഫീസോ പിഴയോ ഈടാക്കില്ല. 21 മുതൽ 30 ദിവസം വരെ വൈകിയാൽ നിശ്ചിത ഫീസ് രജിസ്ട്രാർക്ക് അടച്ച് രജിസ്ട്രേഷൻ നടത്താം.
ഒരു മാസം മുതൽ ഒരു വർഷം വരെ വൈകിയാൽ സർക്കാർ നിർദ്ദേശിക്കുന്ന അധികാരിയുടെയോ ജില്ലാ രജിസ്ട്രാറുടെയോ അനുമതി വേണം. ഇതോടൊപ്പം അവർ നിശ്ചയിക്കുന്ന പിഴയും അടയ്ക്കണം.
ഒരു വർഷം മുതൽ രണ്ട് വർഷം വരെ വൈകുന്ന രജിസ്ട്രേഷനിൽ ജില്ലാ മജിസ്ട്രേറ്റിന്റെയോ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയോ അനുമതി ആവശ്യമായി വരും.
