വിവാഹം കഴിഞ്ഞ് പതിനേഴാം ദിവസം യുവാവിനെ യു.എസ്സിലെ വസതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് പതിനേഴാം ദിവസം ഹൈദരാബാദ് സ്വദേശിയായ യുവാവിനെ യു.എസ്സിലെ വസതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാസച്യൂസെറ്റ്സിലെ ലോവലില്‍ സിവില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്ന മുഹമ്മദ് ജാബര്‍ ഹുസൈന് (28) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ തേടിയിരിക്കുകയാണ് കുടുംബം.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിന് മൃതദേഹം ഹൈദരാബാദിലേക്ക് കൊണ്ടുവരാനുള്ള ചെലവുകള്‍ താങ്ങാനാകില്ലെന്നും അതിനാല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്നുമാണ് അഭ്യര്‍ത്ഥന. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നല്കിയ നിവേദനം മജ്ലിസ് ബച്ചാവോ തെഹ്രീക് (എം.ബി.ടി.) വക്താവ് അംജദ് ഉല്ലാ ഖാന് എക്സിലൂടെ പുറത്തുവിട്ടു.
ഓഗസ്റ്റ് 28-നാണ് ടെക്സസില്‍ വെച്ച് ജാബര്‍ ഹുസൈന്റെ വിവാഹം കഴിഞ്ഞത്. ഇതിനുശേഷം ജോലിക്കായി മാസച്യൂസെറ്റ്സിലേക്ക് മടങ്ങുകയായിരുന്നു. സെപ്റ്റംബര്‍ 14-നാണ് ജാബര്‍ അവസാനമായി കുടുംബവുമായി സംസാരിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം ജാബര്‍ ഉറക്കത്തില്‍ മരിച്ചതായി സഹമുറിയന് വീട്ടുകാരെ ഫോണില്‍ അറിയിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.
