Latestകേരളം

കടവരാന്തയില്‍ ഭാര്യയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തു

കണ്ണൂർ.പഴയ ബസ് സ്റ്റാന്റിന് സമീപത്തെ കടവരാന്തയില്‍ ഭാര്യയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതിയെ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.ചിറക്കല്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ കെ.വി. ഗിരീഷിനാണ് (50) മർദ്ദനമേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് ബസ് കണ്ടക്ടറായ മയ്യില്‍ സ്വദേശി ഉജിത്തിനെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം.

പഴയ ബസ് സ്റ്റാന്റിന് സമീപമുള്ള ഒരു തുണിക്കടയുടെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ഗിരീഷിനും ഭാര്യ ഫാസിലയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. ഭാര്യയെ ശല്യം ചെയ്യാൻ ശ്രമിച്ചത് ഗിരീഷ് ചോദ്യം ചെയ്തതിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതില്‍ പ്രകോപിതനായ പ്രതി ഇരുമ്പുവടിയുമായി എത്തി ഉറങ്ങിക്കിടക്കുകയായിരുന്ന ഗിരീഷിന്റെ തലയ്ക്കും ശരീരമാസകലവും ക്രൂരമായി അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഗിരീഷിനെ ഉടൻ തന്നെ കണ്ണൂരിലെ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. നിലവില്‍ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ഗിരീഷിന്റെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. വ്യാഴാഴ്ച ഉച്ചയോടെ പോലീസും ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.