Latestകേരളം

വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

നിലമ്പൂർ: കലാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മമ്പാട് എം.ഇ.എസ്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം താത്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി ടി.എൻ. റീന, നിലമ്പൂർ സ്വദേശികളായ വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ് നിലമ്പൂർ സബ് ഇൻസ്‌പെക്ടർ കെ.എം. അർഷിദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പ്രതികളിലൊരാളായ സുബ്രഹ്മണ്യനിൽനിന്ന് നേരത്തെ 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ റീനയുടെ വീടിനുസമീപത്തെ മതിലിൽ ഇടിച്ച നിലയിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ പൊലീസ് നടത്തിയ പരിശോധനയിൽ കൂടുതൽ എംഡിഎംഎ കണ്ടെത്തുകയും ചെയ്തു. തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ശാസ്ത്രീയ ചോദ്യം ചെയ്യലിലാണ് ലഹരി വ്യാപാര ശൃംഖലയിലെ അധ്യാപകന്റെ പങ്ക് പുറത്തുവന്നത്.

അധ്യാപകനായ സുഹൈൽ, വിവേകിനും റീനയ്ക്കും നിരന്തരമായി എംഡിഎംഎ കൈമാറാറുണ്ടെന്ന വിവരം പോലീസിന് ലഭിക്കുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് കഴിഞ്ഞ മൂന്ന് വർഷമായി മമ്പാട് കോളേജിൽ ജോലി ചെയ്തുവരുന്ന അധ്യാപകൻ വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും വൻതോതിൽ രാസലഹരി എത്തിച്ചുനൽകുന്ന ആളാണെന്ന് വ്യക്തമായത്.