Latestദേശീയം

ഡോക്ടര്‍ വിചാരണയ്ക്ക് കോടതിയില്‍ പോയി; സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളെ പരിശോധിച്ച് മരുന്നെഴുതി നല്‍കി ഡ്രൈവർ

കാന്‍പൂര്‍: കാന്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറുടെ ഡ്രൈവര്‍ രോഗിയെ പരിശോധിച്ച് മരുന്നെഴുതി നല്‍കിയെന്ന് ആരോപണം. ഡോക്ടര്‍ കോടതിയില്‍ ഒരു വിചാരണയുടെ ഭാഗമായി പോയ സമയത്തായിരുന്നു സംഭവം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. രാമ ദേവി ചൗരാഹയ്ക്ക് സമീപമുള്ള കാന്‍ഷിറാം ആശുപത്രിയിലെ ഒപി ഡിപ്പാർട്ട്മെൻ്റ് മുറിയില്‍ ഒരാള്‍ രോഗികളുമായി സംസാരിക്കുകയും മരുന്നുകള്‍ കുറിച്ചുകൊടുക്കുകയും ചെയ്യുന്നതായി വ്യക്തമാകുന്ന വീഡിയോ ബുധനാഴ്ച സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസര്‍ (ഇഎംഒ) രാംകേഷിന്റെ ഡ്രൈവറായ ദേവ് ആണ് വീഡിയോയിലുള്ളതെന്ന് ആശുപത്രി അധികൃതര്‍ തിരിച്ചറിഞ്ഞു. സംഭവം നടന്ന സമയത്ത് രാംകേഷ് ഒരു കോടതി നടപടിയില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് ആശുപത്രി ജീവനക്കാര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിനായി ചീഫ് മെഡിക്കല്‍ സൂപ്രണ്ട് പിയൂഷ് മിശ്രയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതി രൂപീകരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ (സിഎംഒ) ഹരിദത്ത് നെമി പറഞ്ഞു.