അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണയില്ല: പ്രതികളുടെ ഹർജി കോടതി തള്ളി
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. കേസിന്റെ വിചാരണ നടപടികൾ അടച്ചിട്ട മുറിയിൽ നടത്തണമെന്ന പ്രതിഭാഗത്തിന്റെ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് തള്ളിയത്. ഇതോടെ ഹൈക്കോടതി നിർദ്ദേശപ്രകാരം കേസിന്റെ വിചാരണ ഒക്ടോബർ 15 മുതൽ കോടതിയിൽ ആരംഭിക്കും.
വിചാരണ വേളയിൽ കോടതി മുറിയിൽ മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ബന്ധുക്കൾക്കും പ്രവേശനം അനുവദിക്കരുതെന്നായിരുന്നു പ്രതികൾ പ്രധാനമായും ഹർജിയിലൂടെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വിചാരണ റിപ്പോർട്ട് ചെയ്യുക എന്നത് മാധ്യമങ്ങളുടെ മൗലികമായ അവകാശമാണെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികളുടെ വാദങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ കോടതി ഹർജി തള്ളി ഉത്തരവിടുകയായിരുന്നു.
