ബീഡി നല്‍കാത്തതിന് പതിനെട്ടുകാരനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍
തൃശൂർ.ബീഡി നല്‍കാത്തതിലുള്ള പകപോക്കലായി ബിഹാർ സ്വദേശിയായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.മൂന്നുപീടിക സ്വദേശി തേവർപുരയ്ക്കല് വീട്ടില്‍ രാജപ്പനാണ് (58) കൈപ്പമംഗലം പൊലീസിന്റെ പിടിയിലായത്.ബിഹാർ സ്വദേശിയായ വികാസ് കുമാറിനാണ് (18) കുത്തേറ്റത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.35-ഓടെ കൈപ്പമംഗലം അറവുശാല കള്ള് ഷാപ്പിന് മുന്നിലാണ് സംഭവം നടക്കുന്നത്. വികാസ് കുമാറിനോട് രാജപ്പൻ ബീഡി ആവശ്യപ്പെട്ടെങ്കിലും നല്കാൻ കൂട്ടാക്കിയില്ല. ഇതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചത്.വികാസ് കുമാറിന്റെ പരാതിയില്‍ കേസെടുത്ത കൈപ്പമംഗലം എസ്.ഐ രഞ്ജിത്ത്, എസ്.ഐ അവിനാഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
