സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് സ്വർണം ഒരു പവന് 1,400 രൂപയുടെ കുറവോടെ 1,04,480 രൂപയിലും ഗ്രാമിന് 175 രൂപയുടെ ഇടിവോടെ 13,060 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതോടെ ഒക്ടോബർ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് വില. കഴിഞ്ഞ പത്താം തിയതിയാണ് ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിലയായ 1,11,040 രൂപ എന്ന ലെവൽ സ്വർണ വില രേഖപ്പെടുത്തിയത്. അവിടെ നിന്നും ഏകദേശം 14 ദിവസം കൊണ്ട് 6,560 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
രാജ്യാന്തര തലത്തിലെ സ്വർണ വിലയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര തലത്തിൽ ട്രോയ് ഔൺസിന് 4,000 ഡോളർ നിലവാരത്തിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീക്ഷ ശക്തമായതോടെ ആഗോള വിപണിയിൽ സ്വർണവില ഇടിയുകയാണ്.
