കരട് വോട്ടർപട്ടിക നവംബർ 12ന് പ്രസിദ്ധീകരിക്കും; പരാതികൾ ഡിസംബർ 11 വരെ
കണ്ണൂർ: സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി കരട് വോട്ടർപട്ടിക 2026 നവംബർ 12ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക സംബന്ധിച്ച അഭിപ്രായങ്ങളും ആക്ഷേപങ്ങളും ഡിസംബർ 11 വരെ സമർപ്പിക്കാം. 2027 ജനുവരി 4ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികളിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തു. വോട്ടർപട്ടിക പുതുക്കുന്നതിനൊപ്പം വോട്ടർമാരുടെ എണ്ണം 1,200ൽ കൂടുതലുള്ള ബൂത്തുകൾ പുനഃക്രമീകരിക്കുന്നതിനും രാഷ്ട്രീയ പാർട്ടികളുടെ സഹകരണം തേടി.
ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലായി 1,200ലേറെ വോട്ടർമാരുള്ള 202 ബൂത്തുകളാണുള്ളത്. ഈ ബൂത്തുകളിലെ വോട്ടർമാരുടെ എണ്ണം നിജപ്പെടുത്തി ആവശ്യമായ ക്രമീകരണങ്ങൾ നടത്താനാണ് തീരുമാനം.
യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കൊപ്പം ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ പി.എൻ. പുരുഷോത്തമൻ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
