Latestകേരളം

പേരാമ്പ്രയിൽ ജപ്തിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവം: ബാങ്കിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധം

കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിൽ ജപ്തിക്കിടെ ജീവനൊടുക്കിയ കവിതയുടെ മൃതദേഹവുമായി ജനകീയ പ്രതിഷേധം. ആത്മഹത്യയ്ക്ക് കാരണക്കാരായ ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയെടുക്കുക, കടം എഴുതി തള്ളുക, നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നടുവണ്ണൂരിലെ സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുന്നത്. എന്നാൽ, എല്ലാ നടപടികളും പാലിച്ചാണ് ജപ്തിയിലേക്ക് കടന്നതെന്നാണ് ബാങ്കിന്റെ വിശദീകരണം.

ബാങ്കില്‍നിന്നും കവിത വീട് നിര്‍മാണത്തിനായി 26 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയ ലോണ്‍, പലിശയടക്കം 50 ലക്ഷത്തോള രൂപയായി ഉയര്‍ന്നിരുന്നു. ജപ്തി നടപടികള്‍ക്കായി ഇന്ന് വരുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നു. വടകര കൈനാട്ടിയില്‍ പെയിന്റ് കടയിലെ ജീവനക്കാരനായ ബാബുവിന്റെ ഭാര്യയാണ് പയ്യോളി സ്വദേശിനിയായ കവിത. രാവിലെ ബാങ്ക് അധികൃതര്‍, അഡ്വക്കറ്റ് കമ്മിഷന്‍, പൊലീസ് എന്നിവര്‍ ഇവരുടെ വീട്ടിലെത്തി ജപ്തി നടപടികള്‍ നടത്തുന്നതിനിടയില്‍ കവിതയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ താമസിക്കുന്ന വീടിനു പുറകിലായി പഴയ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.