Latestകണ്ണൂര്‍

ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കണ്ണൂര്‍: കക്കാട് കുഞ്ഞിപ്പള്ളി ട്രാന്‍സ്‌ഫോര്‍മറിന് സമീപം ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. അത്താഴക്കുന്ന് പുല്ലൂപ്പി കല്ലേന്‍ ഹൗസില്‍ കുഞ്ഞമ്പുവിന്റെയും കല്യാണിയുടെയും മകന്‍ കെ. സുനില്‍ (44) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം.

പുല്ലൂപ്പി ഭാഗത്ത് നിന്നു കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന സുനില്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ അതേ ദിശയില്‍ വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ സുനിലിന്റെ ദേഹത്ത് ടിപ്പര്‍ കയറി. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിര്‍മാണ തൊഴിലാളിയാണ്.

സഹോദരങ്ങള്‍: ഹരിദാസന്‍, പ്രിയേഷ്, മഗേഷ്, മുരളി, ഷിനോജ്, ബീന. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം നാളെ പുല്ലൂപ്പിക്കടവ് സമുദായ ശ്മശാനത്തില്‍ നടക്കും.