രാജ്യാന്തര പ്രശസ്തനായ കൃഷി, മണ്ണു ശാസ്ത്രജ്ഞന്‍ ഡോ. കോടോത്ത് പ്രഭാകരന്‍ നായര്‍ അന്തരിച്ചു
കോഴിക്കോട്: രാജ്യാന്തര പ്രശസ്തനായ കൃഷി, മണ്ണു ശാസ്ത്രജ്ഞന്‍ ഡോ. കോടോത്ത് പ്രഭാകരന്‍ നായര്‍ (ഡോ. കെ.പി.പ്രഭാകരന്‍ നായര്‍ – 88) അന്തരിച്ചു. മണ്ണിന്റെ ഫലപുഷ്ടിയെയും സസ്യപോഷണത്തെയും കുറിച്ചുള്ള ‘ന്യൂട്രിയന്റ് ബഫര്‍ പവര്‍ കണ്‍സെപ്റ്റ്’ എന്ന വിപ്ലവകരമായ ആശയത്തിലൂടെയാണു ശ്രദ്ധേയനായത്. കോയമ്പത്തൂരിലെ കാര്‍ഷിക കോളജില്‍നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. 1965-ല്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റും ബെല്‍ജിയത്തിലെ ഗെന്റ് സര്‍വകലാശാലയില്‍നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും നേടി. ബെല്‍ജിയത്തിലെ ദ് റോയല്‍ സൊസൈറ്റി നാഷനല്‍ സയന്‍സ് ഫൗണ്ടേഷന്റെ അധ്യക്ഷപദവിയിലെത്തിയ ഏക ഏഷ്യന്‍ ശാസ്ത്രജ്ഞനാണ്.
കാഞ്ഞങ്ങാട് കോടോത്ത് പടിഞ്ഞാറേ വീട്ടിലാണു ജനനം. 6 വര്‍ഷമായി കോഴിക്കോട് മലാപ്പറമ്പ് ഗ്രീന്‍ എര്‍ത്ത് ഫ്‌ലോറിക്കന്‍ ഹില്‍ ജി-3യിലായിരുന്നു താമസം. നെമറ്റോളജിസ്റ്റ് ഡോ.പങ്കജം നായരാണു ഭാര്യ. മക്കള്‍: ഡോ.കണ്ണന്‍ മാവില,ഡോ.ശ്രീദേവി മാവില.
