Latestകേരളം

തീപിടിത്ത രക്ഷാപ്രവര്‍ത്തനത്തിന് പോയ ഫയര്‍ഫോഴ്‌സിന് വഴി നല്‍കാത്ത സംഭവം; കാര്‍ ഉടമയ്‌ക്കെതിരെ കേസ്

ഫയർഫോഴ്സ് വാഹനത്തിന് വഴി നല്‍കാത്ത കാർ ഉടമയ്ക്കെതിരെ പോലീസ് നടപടി. തുറവൂർ ആശുപത്രിയിലെ തീപിടിത്തം അണയ്ക്കാൻ പോയ ഫയർഫോഴ്സ് യൂണിറ്റിന് തടസ്സമുണ്ടാക്കിയ സംഭവത്തിലാണ് പട്ടണക്കാട് പോലീസ് കേസെടുത്തത്.കുത്തിയതോട് കോടന്തുരുത്ത് സ്വദേശി സുജിത്തിനെതിരെയാണ് നടപടി. ഇയാളെ പോലീസ് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. ആലപ്പുഴ ഫയർ ആൻഡ് റെസ്ക്യൂ എസ്.എച്ച്‌.ഒ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സുജിത്തിന്റെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ഭാരതീയ ന്യായ സംഹിത (BNS 281, 285) പ്രകാരവും മോട്ടോർ വാഹന നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. തുറവൂര്‍ ആശുപത്രി തീപിടിത്ത രക്ഷാപ്രവര്‍ത്തനത്തിന് പോവുകയായിരുന്നു ഫയര്‍ഫോഴ്‌സ്.

ആലപ്പുഴയില്‍ നിന്നും പോയ ഫയര്‍ഫോഴ്‌സ് വാഹനത്തിന് മുന്നിലാണ് കാര്‍ വഴിമാറാതെ സഞ്ചരിച്ചത്. ഏകദേശം 15 മിനിറ്റോളം ഫയര്‍ഫോഴ്‌സിനെ കാര്‍ തടഞ്ഞിരുന്നു.