Latestകേരളം

ഏപ്രില്‍ 1 മുതല്‍ ഫാസ്ടാഗ് പാസ് നിരക്ക് വര്‍ധിക്കുന്നു

ദേശീയപാതാ അതോറിറ്റി ഫസ്റ്റാഗ് വാർഷിക പാസ് നിരക്കുകള്‍ വർധിപ്പിക്കാൻ തീരുമാനിച്ചു.2026 ഏപ്രില്‍ 1 മുതല്‍ പരിഷ്‌ക്കരിച്ച നിരക്ക് പ്രകാരം 3,000 രൂപയുണ്ടായിരുന്ന പാസ് തുക ഇനി മുതല്‍ 3,075 രൂപയായി മാറും. വാണിജ്യ ആവശ്യങ്ങള്‍ക്കല്ലാത്ത സ്വകാര്യ വാഹനങ്ങള്‍ക്കാണ് ഈ നിരക്ക് വർധനവ് ബാധകമാകുന്നത്. വർധനവ് വളരെ ചെറുതാണെങ്കിലും, പതിവായി ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

2025 ആഗസ്റ്റില്‍ ആരംഭിച്ചത് മുതല്‍ 56 ലക്ഷത്തിലധികം ഉപയോക്താക്കള്‍ ഫസ്റ്റാഗ് വാർഷിക പാസ് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. ഏപ്രില്‍ ഒന്നിന് മുമ്പായി പാസ് എടുക്കുന്നവർക്ക് പഴയ നിരക്കായ 3,000 രൂപയ്ക്ക് തന്നെ ഇത് സ്വന്തമാക്കാവുന്നതാണ്. അധിക ചിലവ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസത്തിനുള്ളില്‍ത്തന്നെ പുതുക്കല്‍ നടപടികള്‍ പൂർത്തിയാക്കാം.

ദേശീയ പാത അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ രാജ്മാർഗ് യാത്ര മൊബൈല്‍ ആപ്പ് വഴിയോ വളരെ എളുപ്പത്തില്‍ ഈ പാസ് വാങ്ങാവുന്നതാണ്. ആപ്പില്‍ ലോഗിൻ ചെയ്ത ശേഷം വാഹനത്തിന്റെ വിവരങ്ങള്‍ നല്‍കി ഓണ്‍ലൈനായി പണമടച്ചാല്‍ പാസ് ആക്റ്റീവ് ആകും. ഓരോ തവണയും ടോള്‍ പ്ലാസകളില്‍ പണമടയ്ക്കുന്നതിനോ ഫാസ്ടാഗ് റീചാർജ് ചെയ്യുന്നതിനോ ഉള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഈ വാർഷിക പാസ് സഹായിക്കുന്നു.

ഒരു വർഷം കാലാവധിയുള്ള ഈ പാസ് ഉപയോഗിച്ച്‌ 200 തവണ ടോള്‍ കടക്കാനാകും. പതിവ് യാത്രക്കാർക്ക് ടോള്‍ നിരക്കില്‍ 80 ശതമാനം വരെ ലാഭം നേടാൻ ഇതിലൂടെ സാധിക്കും. കൂടാതെ, ടോള്‍ ബൂത്തുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും ഇന്ധനവും സമയവും ലാഭിക്കാനും ഇതിലൂടെ കഴിയും. രാജ്യത്തുടനീളമുള്ള ഏകദേശം 1,150 ടോള്‍ പ്ലാസകളില്‍ ഈ വാർഷിക പാസ് ഉപയോഗിച്ച്‌ തടസ്സമില്ലാതെ യാത്ര ചെയ്യാം. ഔദ്യോഗിക അറിയിപ്പുകള്‍ അനുസരിച്ച്‌ നിരക്കുകളില്‍ മാറ്റങ്ങള്‍ വരാൻ സാധ്യതയുള്ളതിനാല്‍, പണമടയ്ക്കുന്നതിന് മുൻപ് ബാങ്ക് അല്ലെങ്കില്‍ ഫസ്റ്റാഗ് സൈറ്റുകളിലെ വിവരങ്ങള്‍ ഒരിക്കല്‍ കൂടി പരിശോധിക്കുന്നത് നന്നായിരിക്കും.