Latestദേശീയം

ശസ്‌ത ബംഗാളി ചലച്ചിത്രതാരം രാഹുല്‍ അരുണോദയ്‌ ബാനർജി കടലില്‍ മുങ്ങിമരിച്ചു

കൊൽക്കത്ത : പ്രശസ്‌ത ബംഗാളി ചലച്ചിത്രതാരം രാഹുല്‍ അരുണോദയ്‌ ബാനർജി(43) കടലില്‍ മുങ്ങിമരിച്ചു. ഞായറാഴ്‌ച പശ്ചിമബംഗാള്‍ അതിർത്തിയോട്‌ ചേർന്നുള്ള ഒഡിഷയിലെ തല്‍സരി ബീച്ചിലാണ്‌ സംഭവം.പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഇവിടെയെത്തിയ താരം ചിത്രീകരണത്തിന്‌ ശേഷം ഒറ്റയ്‌ക്ക്‌ കടലിലേക്ക്‌ കുളിക്കാനിറങ്ങുകയായിരുന്നു. പെട്ടെന്ന്‌ തിരയിലകപ്പെട്ട്‌ അദ്ദേഹം മുങ്ങിത്താഴുകയായിരുന്നെന്ന്‌ ദൃസാക്ഷികള്‍ പറഞ്ഞു. സെറ്റിലുണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന്‌ രക്ഷിച്ച്‌ ഡിഗയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിഖ്യാത ബംഗാളി നാടകപ്രവർത്തകനായ ബിശ്വനാഥ്‌ ബാജർജിയുടെ മകനായ രാഹുല്‍ അദ്ദേഹത്തിന്റെ നാടകസംഘത്തിലൂടെയാണ്‌ അഭിനയരംഗത്തേക്ക്‌ എത്തുന്നത്‌. പിന്നീട്‌ ടെലിവിഷൻ സീരിയലുകളിലടക്കം ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവച്ചു.

നായകനായി അഭിനയിച്ച്‌ 2008ല്‍ പുറത്തിറങ്ങിയ ‘ചിരോദിനി തുമി ജെ അമർ’ എന്ന ചിത്രം വൻ വിജയമായതോടെ താരപദവിയിലേക്കുയർന്നു. ‘തുമി ആസ്ബെ ബോലെ’, ‘സുല്‍ഫിക്കർ’, ‘ബ്യോംകേഷ് ഗോട്രോ’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയമികവ്‌ ബംഗാളി ചലച്ചിത്രമേഖലയിലെ ശ്രദ്ധേയസാന്നിധ്യമാക്കി മാറ്റി. ആനന്ദ്‌ലോക്‌ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തി. പ്രമുഖ ബംഗാളി ചലച്ചിത്ര നടിയായ പ്രിയങ്ക സർക്കാരാണ്‌ ജീവിതപങ്കാളി.