നിര്‍ത്തിയിട്ട കാറില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ച് അപകടം, വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരങ്ങള്‍ മരിച്ചു
ബെംഗളൂരു. ടയർമാറ്റാൻ റോഡ് അരികില്‍ നിർത്തിയ കാറിനു പിന്നില്‍ കണ്ടെയ്നർ ലോറി ഇടിച്ച് മലയാളി സഹോദരങ്ങള്‍ മരിച്ചു.7 പേർക്കു പരിക്കേറ്റു. ബെംഗളൂരു-സേലം പാതയില്‍ (എൻഎച്ച് 844) കൃഷ്ണഗിരിക്കു സമീപമായിരുന്നു അപകടം. ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം മണിയൻതോട്ടില്‍ ദിവ്യ (34), സഹോദരൻ ദീപക് (27) എന്നിവരാണു മരിച്ചത്.
ദിവ്യയുടെയും ദീപക്കിന്റെയും അച്ഛൻ പനമണ്ണ അമ്പലവട്ടം മണിയൻതോട്ടില്‍ രവീന്ദ്രൻ (59), ഭാര്യ പാർവതി (53), ഇവരുടെ മറ്റൊരു മകള്‍ രമ്യ (34), ദിവ്യയുടെ ഭർത്താവ് പട്ടാമ്പി ഓങ്ങല്ലൂർ കരിമ്പുള്ളി തെക്കേതില്‍ വിനീത് (44), അമ്മ സരോജിനി (68), ദിവ്യ – വിനീത് ദമ്പതികളുടെ മക്കളായ അഭിൻദേവ് (12), അഖില്‍ദേവ് (9) എന്നിവർക്കാണു പരിക്ക്. സരോജിനിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ പുലർച്ചെ 4ന് കുറുവരപള്ളിയിലായിരുന്നു അപകടം.
ബെംഗളൂരുവില്‍ വിനോദയാത്രയ്ക്കെത്തിയ 9 അംഗ സംഘം നാട്ടിലേക്കു മടങ്ങുന്നതിനിടെ കാറിന്റെ പഞ്ചറായ ടയർ മാറ്റാനാണ് നിർത്തിയിട്ടത്. ടയർ മാറ്റിയ ശേഷം യാത്ര പുനരാരംഭിക്കാൻ ഒരുങ്ങുന്നതിനിടെയാണു പിന്നില്‍ ലോറി ഇടിച്ചത്. ദിവ്യയും ദീപക്കും കാറില്‍ കയറാനായി പുറത്തു നില്‍ക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. ലോറി പാഞ്ഞുകയറിയതിനെ തുടർന്ന് അടിയില്‍ കുടുങ്ങിയ ഇരുവരും തല്‍ക്ഷണം മരിച്ചു.
വിനീതിന് കാലിന് ഗുരുതരമായി പരുക്കേറ്റു. കാർ പൂർണമായി തകർന്നു. കൃഷ്ണഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനു ശേഷം ഹൊസൂർ കൈരളി സമാജം പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി. കുറുവരപള്ളി പൊലീസ് കേസെടുത്തു.
