കാമുകനെ കസേരയിലിരുത്തി കണ്ണുകെട്ടി പെട്രോളൊഴിച്ച് തീകൊളുത്തി, മരിക്കുംവരെ മൊബൈലില്‍ ദൃശ്യം പകര്‍ത്തി യുവതി
ബെംഗളുരു: തന്നെ അവഗണിക്കുന്നുവെന്നാരോപിച്ച് കാമുകനെ യുവതി ക്രൂരമായി കൊലപ്പെടുത്തി. ടെലികോം സ്റ്റോറിലെ ജീവനക്കാരിയായ പ്രേരണ (27) ആണ് തന്റെ സഹപ്രവർത്തകനും കാമുകനുമായ കിരണിനെ (27) തീകൊളുത്തി കൊന്നത്.കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മില്‍ കുറച്ചുനാളുകളായി തർക്കങ്ങള്‍ നിലനിന്നിരുന്നു.
കിരണ്‍ തന്നോട് സംസാരിക്കുന്നില്ലെന്നും വിവാഹത്തിന് തയാറാകുന്നില്ലെന്നുമുള്ള ദേഷ്യത്തിലായിരുന്നു പ്രേരണ. ഇതിനെത്തുടർന്ന് വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി യുവതി കിരണിനെ അങ്ങോട്ട് ക്ഷണിച്ചു. വിദേശങ്ങളില്‍ ചെയ്യുന്നതുപോലെ വ്യത്യസ്തമായ രീതിയില്‍ വിവാഹാഭ്യർഥന നടത്തുകയാണെന്ന് വിശ്വസിപ്പിച്ച് കിരണിന്റെ കണ്ണുകള്‍ മൂടിക്കെട്ടി. തുടർന്ന് ഇയാളെ കസേരയില്‍ ഇരുത്തി വരിഞ്ഞുമുറുക്കി കെട്ടിയിട്ട ശേഷം കരുതിവച്ചിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
തീപ്പൊള്ളലേറ്റ് കിരണ്‍ മരിക്കുന്നത് പ്രേരണ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും മരണം ഉറപ്പാക്കുന്നതുവരെ അവിടെത്തന്നെ നില്‍ക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഡിസിപി ഡി.എല്‍. നഗേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രേരണയെ കസ്റ്റഡിയിലെടുത്തു. തന്നെ അവഗണിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് ചോദ്യം ചെയ്യലില്‍ യുവതി സമ്മതിച്ചിട്ടുണ്ട്.
