ട്രെയിനില്‍ തീപിടിച്ചെന്ന് ആഭ്യൂഹം; ട്രാക്കിലേക്ക് ചാടിയ നാല് പേര് മറ്റൊരു ട്രെയിൻ ഇടിച്ചു മരിച്ചു
ഭോപ്പാൽ : മധ്യപ്രദേശില്‍ തീപിടുത്തമെന്ന വ്യാജവാർത്തയില്‍ പരിഭ്രാന്തരായി ട്രെയിനില്‍ നിന്നിറങ്ങിയവർ മറ്റൊരു ട്രെയിൻ തട്ടി നാല് പേര് മരിച്ചു.മൊറേന ജില്ലയിലെ ഹേതാംപുർ റെയില്‍വേ സ്റ്റേഷന് സമീപം വൈകുന്നേരം 4.15-ഓടെയായിരുന്നു സംഭവം.
ഖജുരാഹോ-ഉദയ്പുർ ഇൻ്റർസിറ്റി എക്സ്പ്രസ് (ട്രെയിൻ നമ്പർ 19665) ട്രെയിനിനുള്ളില്‍ തീപ്പിടിത്തമുണ്ടായെന്ന വ്യാജവാർത്ത പരന്നതിനെത്തുടർന്ന് യാത്രക്കാർക്കിടയില്‍ പരിഭ്രാന്തി ഉണ്ടാവുകയും ജീവൻ രക്ഷിക്കാനായി പലരും ട്രെയിനില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുകയുമായിരുന്നു.എന്നാല്‍, ട്രെയിനിലെ ഒരു ജനറല്‍ കോച്ചില്‍ യാത്രക്കാരൻ അലാറം ചെയിൻ വലിച്ചതിനെത്തുടർന്നാണ് വണ്ടി നിർത്തിയതെന്ന് റെയില്‍വേ അധികൃതർ പിന്നീട് വ്യക്തമാക്കി.
പുറത്തിറങ്ങിയ യാത്രക്കാർ സുരക്ഷിതമായ ഇടം തേടി തൊട്ടടുത്ത ട്രാക്കിലേക്ക് മാറിയതോടെ ട്രാക്കിലൂടെ അതിവേഗത്തില്‍ വന്ന ഫിറോസ്പുർ-സിയോണി പാതാള്‍കോട്ട് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20424) യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസും ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചു വരികയാണ്. മരിച്ചവരുടെ കൃത്യമായ എണ്ണം റെയില്‍വേ അധികൃതർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല
