Latestകേരളം

കള്ളക്കടൽ ജാഗ്രതാ നിർദേശം; കേരള തീരത്ത് റെഡ് അലർട്ട്

കണ്ണൂർ: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടൽ പ്രതിഭാസത്തിനും ശക്തമായ തിരമാലകൾക്കും സാധ്യതയുള്ളതിനാൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കേരള തീരത്ത് ഓഗസ്റ്റ് 18ന് അർധരാത്രി മുതൽ ഓഗസ്റ്റ് 20ന് വൈകിട്ട് 5.30 വരെ 1.1 മുതൽ 1.8 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണം രൂക്ഷമാകാനും സാധ്യതയുണ്ട്.

പ്രത്യേക ജാഗ്രത ആവശ്യമായ തീരമേഖലകൾ

  • തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ
  • കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
  • ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
  • എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ
  • തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
  • മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
  • കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ
  • കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ
  • കാസർകോട്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ

  • കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം മാറിത്താമസിക്കുക.
  • ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കുക.
  • ഉയർന്ന തിരമാലയുള്ള സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കുക.
  • INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർണമായി ഒഴിവാക്കുക.
  • മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുകയും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക.
  • ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.