കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്. സിന്‍ഡിക്കറ്റ് അംഗം ആര്‍എസ് ശശികുമാര്‍ വിസി ഡോ. മോഹനന്‍ കുന്നുമ്മലിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രബന്ധത്തിലെ ക്രമക്കേടുകള്‍ പ്രാഥമികമായി പരിശോധിക്കുവാന്‍ നാലംഗ ഉപസമിതിയെ നിയോഗിക്കാന്‍ ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത്.
പ്രബന്ധത്തില്‍ വ്യാപകമായ തെറ്റുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതി ഗവര്‍ണര്‍ സര്‍വകലാശാലയ്ക്ക് കൈമാറിയിട്ടും മേല്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുള്ളതായി ബോധ്യപ്പെട്ടാല്‍ പിഎച്ച്ഡി ബിരുദം സസ്പെന്‍ഡ് ചെയ്ത് വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ശശികുമാര്‍ വിസിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
