കള്ളാടി മണ്ണിടിച്ചില്‍ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന് സന്ദര്‍ശിക്കും
വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന് സന്ദര്‍ശിക്കും. നാല് സോണുകളായി തിരിച്ച് കാണാതായ അഞ്ച് പേര്‍ക്കായുള്ള തിരച്ചില്‍ തുടരും. സുരക്ഷ മുന്‍നിര്‍ത്തി ദുരന്തബാധിത മേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മണ്ണിടിച്ചിലില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.
കള്ളാടി ദുരന്തഭൂമിയില്‍ ഇന്ന് രാവിലെ മുതല്‍ എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിക്കും. ദുരന്തബാധിത പ്രദേശം നാല് സോണുകളാക്കി തിരിച്ചാണ് എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ പരിശോധന നടത്തുക. റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍, വയനാട് ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി. സിദ്ദിഖ് എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്നലെ രാത്രി കളക്ടര്‍, ഡി.ഐ.ജി, എസ്.പി, റവന്യൂ ഉദ്യോഗസ്ഥര്‍, ആശുപത്രി അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങളുടെ തുടര്‍നടപടികള്‍ തീരുമാനിച്ചത്.
