Latestദേശീയം

ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റ്; വിമാന സർവീസുകൾ തടസ്സപ്പെട്ടേക്കാമെന്ന് എയർ ഇന്ത്യയുടെ മുന്നറിയിപ്പ്

ഡല്‍ഹിയില്‍ വീശിയടിച്ച ശക്തമായ പൊടിക്കാറ്റിനെത്തുടർന്ന് വിമാന സർവീസുകള്‍ തടസ്സപ്പെട്ടേക്കാമെന്ന് എയർ ഇന്ത്യയുടെ മുന്നറിയിപ്പ്.തലസ്ഥാന നഗരിയിലേക്കും അവിടെ നിന്നുമുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി സമയക്രമം പരിശോധിച്ച്‌ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു.

യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനാണ് പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് എയർലൈൻ ഇത്തരമൊരു ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഡല്‍ഹി-എൻ.സി.ആർ മേഖലയെ പിടിച്ചുകുലുക്കിയ പൊടിക്കാറ്റ് വ്യോമഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പാലം കാലാവസ്ഥാ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം മണിക്കൂറില്‍ 120 കിലോമീറ്റർ വേഗതയിലാണ് ഇവിടെ കാറ്റ് വീശിയടിച്ചത്.

വൈകുന്നേരം ഏഴുമണിയോട് അടുത്ത് രേഖപ്പെടുത്തിയ ഈ കാറ്റിന്റെ വേഗത കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതിനുമുമ്പ് 2001 ജൂണ്‍ നാലിനാണ് സമാനമായ രീതിയില്‍ ഇത്രയും ശക്തമായ കാറ്റ് അനുഭവപ്പെട്ടിട്ടുള്ളത്. നിലവിലുണ്ടായിരുന്ന കനത്ത ചൂടിന് പിന്നാലെയാണ് ഡല്‍ഹിയില്‍ പെട്ടെന്ന് പൊടിക്കാറ്റ് വീശിയടിച്ചത്.

റിഡ്ജ് സ്റ്റേഷനില്‍ 44.7 ഡിഗ്രി സെല്‍ഷ്യസും ലോധി റോഡില്‍ 44 ഡിഗ്രിയും സഫ്ദർജംഗില്‍ 43.5 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കാലാവസ്ഥയില്‍ ഈ പെട്ടെന്നുള്ള മാറ്റമുണ്ടായത്.

വരും ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കുമെന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

എങ്കിലും താപനിലയില്‍ വലിയ കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. പരമാവധി 44 ഡിഗ്രിയും കുറഞ്ഞ താപനില 30 ഡിഗ്രി സെല്‍ഷ്യസും വരെയായി ഇത് തുടർന്നേക്കും.