ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; നിര്‍മാണത്തൊഴിലാളികള്‍ക്ക് ധനസഹായം, ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം
ഡല്‍ഹി: വായു മലിനീകരണം രൂക്ഷമായതിനെത്തുടർന്ന് ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍.ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷൻ പ്ലാൻ നാലാം ഘട്ടം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ഇതിന്റെ ഭാഗമായി, ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലും 50 ശതമാനം ജീവനക്കാർക്ക് മാത്രം ഹാജരായാല്‍ മതിയാകും. ബാക്കിയുള്ള ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള (വർക്ക് ഫ്രം ഹോം) അനുമതി നല്‍കികൊണ്ട് തൊഴില്‍ വകുപ്പ് ഉത്തരവ് പുറത്തിറക്കി.
ഡിസംബർ 18 (നാളെ) മുതല്‍ ഈ ഹാജർ നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതർ അറിയിച്ചു. ജയിലുകള്‍, ആരോഗ്യ സേവനങ്ങള്‍, പൊതുഗതാഗതം, വൈദ്യുതി തുടങ്ങിയ അവശ്യ സർവീസുകള്‍ക്ക് നിയന്ത്രണത്തില്‍ ഇളവ് ലഭിക്കും. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷൻ പ്ലാൻ (GRAP) നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന് പിന്നാലെ നിരവധി നിർമ്മാണ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഇവർക്ക് 10,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് തൊഴില്‍ വകുപ്പ് അറിയിച്ചു.
ഗ്രാപ് സ്റ്റേജ് 3 പ്രകാരം 16 ദിവസമാണ് നിർമ്മാണ പ്രവർത്തനങ്ങള്‍ നിർത്തിവച്ചിരുന്നത്. ഈ കാലയളവിലെ നഷ്ടപരിഹാരമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുക. പക്ഷേ രജിസ്റ്റർ ചെയ്ത തൊഴിലാളികള്‍ക്ക് മാത്രമെ പണം ലഭിക്കുകയുള്ളൂ. ഗ്രാപ് സ്റ്റേജ് 4 മായി ബന്ധപ്പെട്ട നഷ്ടപരിഹാരം നല്‍കുന്നത് നിയന്ത്രണങ്ങള്‍ നീക്കിയ ശേഷം കണക്കാക്കും. കൂടാതെ സർക്കാർ, സർക്കാർ-എയ്ഡഡ്, അണ്‍എയ്ഡഡ് അംഗീകൃത സ്വകാര്യ സ്കൂളുകളോട് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വിദ്യാർത്ഥികള്‍ക്ക് ഓണ്‍ലൈൻ ക്ലാസുകള്‍ നല്‍കണമെന്നാണ് ഡല്‍ഹി സർക്കാരിൻ്റെ നിർദ്ദേശം.
അതിനിടെ ബുധനാഴ്ച രാവിലെ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചികയില്‍ നേരിയ പുരോഗതിയുണ്ടായെങ്കിലും, 328 എന്ന നിലയില്‍ സൂചികയുടെ ‘അതിരൂക്ഷം’ എന്ന വിഭാഗത്തിലാണ് ഇപ്പോഴുമുള്ളത്. നഗരത്തിന്റെ പല ഭാഗങ്ങളിലും പുകപടലം രൂപപ്പെട്ടിട്ടുള്ളതിനാല്‍ കാഴ്ചപരിധി കുറഞ്ഞിട്ടുണ്ട്. അതിനാല്‍ വാഹനം ഓടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശങ്ങളുണ്ട്. അത്യാവശ്യ സേവനങ്ങള്‍ അല്ലാത്ത മറ്റൊരു സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കരുതെന്നാണ് ഉത്തരവ്.
