മിഠായിപ്പൊതി മോഷ്ടിച്ചെന്ന പരാതി; 12 വയസ്സുകാരിയായ മകളെ പിതാവ് തല്ലിക്കൊന്നു
സുലന്ദ്ഷഹര്: പലചരക്ക് കടയില്‍ നിന്ന് മിഠായിപ്പൊതി മോഷ്ടിച്ചെന്ന ആരോപണത്തെത്തുടർന്ന് പന്ത്രണ്ട് വയസ്സുകാരിയെ പിതാവ് ക്രൂരമായി മർദ്ദിച്ചുകൊന്നു.
ഉത്തർപ്രദേശിലെ രത്തൻപുർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് പുഷ്പേന്ദ്ര എന്ന പപ്പുശർമ്മയെ പൊലിസ് അറസ്റ്റ് ചെയ്തു.
മകള്‍ കടയില്‍ നിന്ന് ഒരു പാക്കറ്റ് മിഠായി മോഷ്ടിച്ചുവെന്ന് കടയുടമ പുഷ്പേന്ദ്രയോട് പരാതിപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായ ഇയാള്‍ വീട്ടിലെത്തിയ ശേഷം മകളെ വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. മർദ്ദനമേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മാർച്ച് 27-നാണ് കുട്ടിയുടെ അമ്മയായ ആരതി പൊലിസില്‍ പരാതി നല്‍കിയത്. ഭർത്താവ് മകളെ വടികൊണ്ട് മർദ്ദിച്ചതായും മർദ്ദനത്തെത്തുടർന്ന് കുട്ടി മരിച്ചതായും അവർ മൊഴി നല്കി.പരാതി ലഭിച്ച ഉടൻ തന്നെ നരോറ പൊലിസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു.
കുട്ടിയെ തല്ലാൻ ഉപയോഗിച്ച വടി പൊലിസ് കണ്ടെടുത്തിട്ടുണ്ട്.നരോറ പൊലിസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഗംഗാ പ്രസാദ് ആര്യയുടെ നേതൃത്വത്തില്‍ കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.നിസ്സാരമായ ഒരു കാര്യത്തിന്റെ പേരില്‍ സ്വന്തം മകളെ പിതാവ് തല്ലിക്കൊന്നത് ഗ്രാമവാസികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
