Latestകേരളം

സാമ്പത്തിക തട്ടിപ്പ് : ഡിസിസി നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയില്‍ ഡിസിസി നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി.

ഡോ. സബൈന്‍ ശിവദാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പേട്ട പൊലീസാണ് സുഹൈല്‍ ഷാജഹാനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്ഥാപനത്തിനെതിരെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വാര്‍ത്ത നല്‍കുകയും പിന്നീട് വാര്‍ത്തയുടെ പേരില്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

പണം നല്‍കിയതിന് പിന്നാലെ ആശുപത്രി അധികൃതര്‍ സുഹൈലിനെ മുറിയില്‍ പൂട്ടിയിട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.