Latestകേരളം

ശബരിമല സന്നിധാനത്ത് കേരള സദ്യ വിളമ്പി തുടങ്ങി; ഉപ്പുമാവ് ഒഴിവാക്കി

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ ഇന്നുമുതല്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്നത് കേരള സദ്യ. പുലാവ് ഒഴിവാക്കി സദ്യ നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. വൈകുന്നേരം നല്‍കിയിരുന്ന ഉപ്പുമാവും ഒഴിവാക്കിയിട്ടുണ്ട്.

ഈ മണ്ഡലകാലത്തിന്റെ തുടക്കമായ ചൊവ്വാഴ്ച മുതലാണ് കേരളസദ്യ നല്‍കി തുടങ്ങിയത്. മുന്‍വര്‍ഷങ്ങളില്‍ പുലാവ് ആണ് നല്‍കിയിരുന്നത്. മറ്റു സംസ്ഥാനങ്ങളിലെ തീര്‍ഥാടകരെ കൂടി കണക്കിലെടുത്തായിരുന്നു പുലാവ് നല്‍കി വന്നിരുന്നത്.

ഇലയിട്ട് പായസം അടക്കമുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുന്ന കേരള സദ്യ നല്‍കുമെന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞിരുന്നത്. ശബരിമലയില്‍ എത്തുന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇതൊരു അനുഭവം കൂടിയാവട്ടെ എന്നതായിരുന്നു ജയകുമാറിന്റെ പ്രതികരണം.

പുലാവിന് പകരം ഇലയിട്ട് സദ്യ എന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പ്ലേറ്റില്‍ തന്നെയാണ് ഇപ്പോള്‍ സദ്യ നല്‍കുന്നത്. കേരള വിഭവങ്ങള്‍ തന്നെയാണ് സദ്യയില്‍ ഇടംപിടിച്ചിരിക്കുന്നത്. നല്ല സദ്യയാണെന്ന് അയ്യപ്പ ഭക്തര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.