Latestകേരളം

സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കാൻ സർക്കാർ ആലോചിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കാൻ സർക്കാർ ആലോചിക്കുന്നു.ഇത് സംബന്ധിച്ച നടപടികള്‍ ആലോചിക്കാൻ സർക്കാർ സർവീസ് സംഘടനകളുടെ യോഗം സർക്കാർ വിളിച്ചു. സെപ്റ്റംബർ 11 ന് വൈകിട്ട് 3 ന് സെക്രട്ടറിയേറ്റ് ഡർബാർ ഹാളിലാണ് യോഗം.

സർക്കാരിന് മുന്നില്‍ ചില നിർദേശങ്ങള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സർവീസ് സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്. ഒരു സർവീസ് സംഘടനയില്‍ നിന്നും രണ്ട് പ്രതിനിധികള്‍ വീതം യോഗത്തില്‍ പങ്കെടുക്കാനാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി നല്‍കിയ കത്തില്‍ നിർദ്ദേശിക്കുന്നത്.

അഭിപ്രായങ്ങള്‍ അറിയിക്കാൻ ഇ-മെയില്‍ വിലാസവും നല്‍കിയിട്ടുണ്ട്. സർവീസ് സംഘടനകളുടെ അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തിലെ തുടർനടപടികള്‍.

ശനിയാഴ്ചയും അവധി നല്‍കണമെന്നും സർക്കാർ ഓഫീസുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനം മതിയെന്നും നേരത്തേ ഭരണപരിഷ്കാര കമ്മിഷനും ശുപാർശ നല്‍കിയിരുന്നതാണ്. പ്രവൃത്തിദിനം കുറയ്ക്കുന്നതോടെ ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും കഴിയുമെന്നായിരുന്നു കമ്മിഷൻ വിലയിരുത്തിയത്.