Latestദേശീയം

‘സൗന്ദര്യത്തില്‍ അസൂയ’; ആറുവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന് യുവതി; മകനെ ഉള്‍പ്പെടെ കൊന്നത് 4 പേരെ

തന്നേക്കാള്‍ സൗന്ദര്യമുണ്ടെന്നു പറഞ്ഞ് ആറുവയസുകാരിയായ മരുമകളേയും സ്വന്തം മകനേയുമുള്‍പടെ നാലുപേരെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍.ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. വിവാഹച്ചടങ്ങിനിടെ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം. സിവാ ഗ്രാമത്തില്‍നിന്നുള്ള പൂനം എന്ന യുവതിയാണ് അറസ്റ്റിലായത്. നേരത്തെ, സ്വന്തം മകൻ ഉള്‍പ്പെടെ മൂന്നു കുട്ടികളെ സമാ രീതിയില്‍ പൂനം കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

യുവതിയുടെ അസൂയയില്‍ സോണിപത് സ്വദേശിയായ വിധി എന്ന പെണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. പൂനത്തിന്റെ ഭർത്താവ് നവീന്റെ ബന്ധുവിന്റെ മകളാണ് വിധി. പാനിപ്പത്തിലെ നൗല്‍ത്ത ഗ്രാമത്തില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പൂനവും വിധിയും കുടുംബാംഗങ്ങളും എത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വിവാഹ ഘോഷയാത്ര നൗല്‍ത്തയില്‍ എത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ അതിനോടൊപ്പം പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ വിധിയെ കാണുന്നില്ലെന്ന് പറഞ്ഞ് പിതാവ് സന്ദീപിന് ഫോണ്‍ വന്നു. പിന്നാലെ കുടുംബം തിരച്ചില്‍ ആരംഭിച്ചു. ഒരു മണിക്കൂറിനു ശേഷം വിധിയുടെ മുത്തശ്ശി ഓംവതി, ബന്ധുവിൻറെ വീടിൻറെ സ്റ്റോർ റൂമിലെ വെള്ളം നിറച്ച ബക്കറ്റില്‍ തല മുങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഉടനെ കുട്ടിയെ സമീപത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന് കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പൂനത്തിന്റെ ക്രൂരമായ കൊലപാതക പരമ്ബര വെളിച്ചത്തുവന്നത്. അസൂയയും വിദ്വേഷവുമാണ് പൂനത്തെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. തന്നെക്കാള്‍ സൗന്ദര്യമുള്ള ആരും ഉണ്ടാകരുത് എന്ന ചിന്തയില്‍ നിന്നാണ് കുട്ടികളെ കൊലപ്പെടുത്തിയത്