വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു, എച്ച്ഐവി രക്തം കുത്തിവെച്ച് യുവാവിന്റെ പ്രതികാരം; യുവതി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: വിവാഹാലോചനയില്‍ നിന്ന് പിന്മാറിയതിനെത്തുടർന്ന് ബന്ധുവായ യുവാവ് ബലമായി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച 22 വയസ്സുകാരി ആത്മഹത്യ ചെയ്തു.വെള്ളിയാഴ്ച മുത്തശ്ശിയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 11-നാണ് യുവതിയുടെ വീട്ടില്‍ വെച്ച് പ്രതി ക്രൂരകൃത്യം നടത്തിയത്. പ്രതിക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് യുവതിയുടെ മാതാപിതാക്കള്‍ വിവാഹം റദ്ദാക്കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്. യുവതിക്ക് എച്ച്ഐവി ബാധിച്ചാല്‍ തന്നോടൊപ്പം താമസിക്കാൻ നിർബന്ധിതയാകുമെന്ന് പ്രതി വിശ്വസിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
തന്റെ ദുരവസ്ഥ സോഷ്യല്‍ മീഡിയയില്‍ തെറ്റായ രീതിയില്‍ പ്രചരിക്കപ്പെട്ടതില് താൻ ഏറെ അസ്വസ്ഥയാണെന്ന് ആത്മഹത്യാക്കുറിപ്പില്‍ യുവതി വ്യക്തമാക്കിയിട്ടുണ്ട്. വിവാഹാലോചനയുമായി മുന്നോട്ട് പോകുന്നതിനിടെ പ്രതിയുടെ മാതാപിതാക്കള്‍ക്ക് എച്ച്ഐവി ഉണ്ടെന്ന് അറിഞ്ഞതിനെത്തുടർന്നാണ് കഴിഞ്ഞ വർഷം യുവതിയുടെ കുടുംബം യുവാവിനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനാഫലം പോസിറ്റീവ് ആയതോടെ വിവാഹത്തില്‍ നിന്ന് കുടുംബം പിന്മാറുകയായിരുന്നു.
കുത്തിവയ്പ്പിനെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതിയുടെ പരാതിയില്‍ നേരത്തെ പ്രതിയെ കൊലപാതകശ്രമത്തിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ മരണത്തെത്തുടർന്ന് പോച്ചാരം ഐടി കോറിഡോർ പോലീസ് സ്റ്റേഷനില്‍ പുതിയ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
