അവധിക്കായി സ്‌കൂള്‍ അടച്ച് ജീവനക്കാര്‍, ഉറങ്ങിപ്പോയ ഏഴാം ക്ലാസുകാരന്‍ ക്ലാസ് മുറിയില്‍ കുടുങ്ങി
ഉറങ്ങിപ്പോയ ഏഴാം ക്ലാസുകാരന്‍ ക്ലാസ് മുറിയില്‍ കുടുങ്ങി. ജമ്മു കശ്മീരിലെ റാമ്പന്‍ ജില്ലയിലാണ് സംഭവം. മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയെ രക്ഷിച്ചത്. ഏഴാം ക്ലാസുകാരനായ കുട്ടി ക്ലാസ് മുറിയില്‍ കിടന്ന് ഉറങ്ങുകയും, ഇത് അറിയാതെ ജീവനക്കാര്‍ സ്‌കൂള്‍ അടച്ച് പോവുകയുമായിരുന്നു. 15 ദിവസത്തെ വേനല്‍ അവധിക്കായാണ് സ്‌കൂള്‍ അടച്ചത്. സംഭവം പുറത്തുവന്നതോടെ സ്‌കൂളിലെ മുഴുവന്‍ ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
ബനിഹാളിലെ കര്‍വ വിദ്യാഭ്യാസ മേഖലയ്ക്ക് കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്‌കൂളില്‍ ജൂലൈ നാലിനായിരുന്നു സംഭവം. ഉറക്കമുണര്‍ന്നപ്പോള്‍ താന്‍ ഒറ്റക്കായിരുന്നുവെന്നും തുടര്‍ന്ന് ഉറക്കെ നിലവിളിച്ചിട്ടും ആരും കേട്ടില്ലെന്നും കുട്ടി പറയുന്നു. രാത്രി എട്ട് മണിയോടെ സ്‌കൂളിനടുത്ത് കൂടി പോയ പ്രദേശവാസി കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്ഷീണിതനായ കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. കുട്ടിയെ രക്ഷിക്കുന്നതിന്റെ ഉള്‍പ്പടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
